• സുനീഷ് ജേക്കബ് മാത്യു
: വിവാഹം, കുട്ടികളെ വളർത്തൽ, മാതാപിതാക്കളുടെ ആരോഗ്യപ്രശ്നം; ഏറെ ആഗ്രഹിച്ച് ലഭിച്ച ഐ.ടി. ജോലി പാതിവഴിയിൽ ഉപേക്ഷിക്കാൻ സ്ത്രീകൾക്ക് ഇങ്ങനെ പല കാരണങ്ങളുണ്ടാകാം. കരിയർ വിട്ട് അഞ്ചോ പത്തോ വർഷത്തിനുശേഷം തിരക്കൊഴിഞ്ഞാലും മിക്കവർക്കും തിരിച്ചുവരവ് സാധ്യമല്ല. പ്രധാനകാരണം സാങ്കേതികവിദ്യ വികസിക്കുന്നതിന് അനുസരിച്ച് അടിമുടി മാറ്റങ്ങളാണ് ഒാരോവർഷവും ഐ.ടി. രംഗത്തുണ്ടാകുന്നത്.
ജോലിയിൽ സജീവമായിരിക്കുന്നവർക്കുപോലും കൃത്യമായി അപ്ഡേറ്റ് ചെയ്യാതെ പിടിച്ചുനിൽക്കാൻ സാധിക്കാത്ത കാലത്ത് വർഷങ്ങളായി അരങ്ങ് വിട്ടുനിൽക്കുന്നവർ എങ്ങനെ തിരിച്ചുവരും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) മദ്രാസ് ആരംഭിച്ച ‘കരിയർ ബാക്ക് ടു വിമെൻ’ (സി.ബി.-2-ഡബ്ല്യു.) എന്ന ഐ.ടി. നൈപുണിവികസന പ്രോഗ്രാം.
പത്തുവർഷം തിരിച്ചുപിടിക്കാം
കഴിഞ്ഞ പത്ത് വർഷത്തിൽ ഐ.ടി. രംഗത്തുണ്ടായ മാറ്റങ്ങളെക്കുറിച്ച് അറിവുപകരുന്ന സർട്ടിഫിക്കേഷൻ കോഴ്സാണിത്. സാങ്കേതികമായ ഏറ്റവും പുതിയ അറിവുനേടാൻ ഇതിലൂടെ കഴിയും. ആകെ 34 ആഴ്ച നീളുന്ന പരിശീലനപരിപാടി ഫൊറൻസിക് ഇന്റലിജൻസ് സർവൈലൻസ് ആൻഡ് സെക്യൂരിറ്റി ടെക്നോളജിയുടെ (എഫ്.ഐ.എസ്.എസ്.ടി.) സഹകരണത്തോടെ ഐ.ഐ.ടി. സ്കിൽ ഡെവലപ്മെന്റ് അക്കാദമിയാണ് നടത്തുന്നത്. ഐ.ഐ.ടി., ഐ.ഐ.ഐ.ടി.ഡി.എം. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്) എന്നിവിടങ്ങളിലെ അധ്യാപകരും ഐ.ടി. രംഗത്തെ വിദഗ്ധരുമാണ് പരിശീലനം നൽകുന്നത്.
നാല് സ്പെഷ്യലൈസേഷനുകൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/മെഷീൻ ലേണിങ്, ഡേറ്റ സയൻസ് ആൻഡ് ബിഗ് ഡേറ്റ, സൈബർ സെക്യൂരിറ്റി, സോഫ്റ്റ്വേർ എൻജിനിയറിങ് ആൻഡ് പ്രോഗ്രാമിങ് ടൂൾസ് എന്നിങ്ങനെ നാല് സ്പെഷ്യലൈസേഷനുകളിലാണ് പരിശീലനം. പ്രവർത്തിക്കാൻ താത്പര്യമുള്ള മേഖല അനുസരിച്ച് കോഴ്സ് തിരഞ്ഞെടുക്കാം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജോലി കണ്ടെത്താൻ സഹായവും ലഭിക്കും. പല കാരണങ്ങളാൽ ഐ.ടി. ജോലി ഉപേക്ഷിച്ച നാലുലക്ഷം സ്ത്രീകളാണ് തിരിച്ചുവരാൻ താത്പര്യപ്പെടുന്നത്. ഫൊറൻസിക് ഇന്റലിജൻസ് സർവൈലൻസ് ആൻഡ് സെക്യൂരിറ്റി ടെക്നോളജി ഇവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഫൗണ്ടേഷൻ മുതൽ മൂന്ന് ഘട്ടങ്ങൾ
ഫൗണ്ടേഷൻ കോഴ്സ് അടക്കം മൂന്ന് ഘട്ടങ്ങളിലാണ് പരിശീലനം. ഏത് സ്പെഷ്യലൈസേഷൻ ചെയ്യുന്നവർക്കും ഫൗണ്ടേഷൻ നിർബന്ധമാണ്. 34 ആഴ്ചകൾ നീളുന്ന കോഴ്സിൽ 150 മണിക്കൂറാണ് ടീച്ചിങ് അവേഴ്സ്. ഇതിൽ 20 മണിക്കൂർ ഫൗണ്ടേഷനാണ്. ആദ്യഘട്ടം പൂർത്തിയാക്കിയതിന് ശേഷം സ്പെഷ്യലൈസേഷൻ തിരഞ്ഞെടുക്കാം. സ്പെഷ്യലൈസേഷനിൽ ബേസിക് കോഴ്സാണ് ആദ്യഘട്ടം. 40 മണിക്കൂർ (10 ആഴ്ച) ദൈർഘ്യമുള്ള കോഴ്സാണിത്. അതിനുശേഷം 90 മണിക്കൂർ (20 ആഴ്ച) ദൈർഘ്യമുള്ള അഡ്വാൻസ്ഡ് കോഴ്സ്.
പ്രവേശനം
https://skillsacademy.iitm.ac.in വഴി അപേക്ഷിക്കാം. ഫോട്ടോ, ആധാർ കാർഡ്, പാൻകാർഡ്, ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് അപ് ലോഡ് ചെയ്യണം. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന ഫൗണ്ടേഷൻ കോഴ്സിന് 17,700 രൂപയാണ് ഫീസ്.
സ്ത്രീകൾക്ക് ഐ.ടി. ജോലിയിലേക്ക് തിരിച്ചെത്താം
ജോലി സാധ്യതയേറെ
കുടുംബത്തോടുള്ള ഉത്തരവാദിത്വത്തിന്റെ പേരിൽ ജോലി വിടുന്ന സ്ത്രീകൾക്ക് ഐ.ടി. രംഗത്തേക്ക് തിരിച്ചുവരാൻ കഴിയാത്തതിന് കാരണം അറിവുകൾ അപ്ഡേറ്റ് ചെയ്യാൻ സാധിക്കാത്തതാണ്. കാലഘട്ടത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറിയാൽ ഇവരുടെ അറിവും അനുഭവവും ഉപയോഗപ്പെടുത്താൻ ഐ.ടി. കമ്പനികൾക്ക് സാധിക്കും. ഐ.ഐ.ടി. സ്കിൽ അക്കാദമി ഇതിനായി ആദ്യ കാൽവെപ്പ് നടത്തുകയാണ്.
ഡോ. ഭാസ്കർ രാമമൂർത്തി
ഡയറക്ടർ, ഐ.ഐ.ടി. മദ്രാസ്
No comments:
Post a Comment