ഡോ. എസ്. രാജൂകൃഷ്ണൻ
: മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന പോസ്റ്റ് ഗ്രാേജ്വറ്റ് മെഡിക്കൽ/ഡെന്റൽ (എം.ഡി./എം.എസ്./ഡിപ്ലോമ/ എം.ഡി.എസ്.) കൗൺസലിങ് നടപടികൾ www.mcc.nic.in ൽ ആരംഭിച്ചു. ഓൾ ഇന്ത്യ ക്വാട്ട, കേന്ദ്ര സർവകലാശാലകൾ/സ്ഥാപനങ്ങൾ, കല്പിത സർവകലാശാലകൾ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇ.എസ്.ഐ.സി.) സീറ്റുകൾ, ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസ് സീറ്റുകൾ എന്നിവയാണ് എം.സി.സി. കൗൺസലിങ്ങിന്റെ പരിധിയിൽ വരുന്നത്.
ചോയ്സ് നൽകൽ
രജിസ്ട്രേഷൻ, ഫീസ് അടയ്ക്കൽ എന്നിവ പൂർത്തിയാക്കി മാത്രമേ ചോയ്സ് ഫില്ലിങ്ങിലേക്ക് കടക്കാൻ കഴിയൂ. ചോയ്സ് ഫില്ലിങ് സൗകര്യം മാർച്ച് 16 മുതൽ ലഭിക്കും. ഫീസടച്ചതിനു വിധേയമായി ബാധകമായ സ്ഥാപനങ്ങളുമായി/പ്രോഗ്രാമുമായി ബന്ധപ്പെട്ട്, ലഭ്യമായ ചോയ്സുകൾ (കോഴ്സ്, കോളേജ്) കാണാൻ കഴിയും. അവയിൽ എത്ര ചോയ്സുകൾ വേണമെങ്കിലും ചോയ്സ് ഫില്ലിങ് ഘട്ടത്തിൽ രജിസ്റ്റർ ചെയ്യാം. മുൻഗണന നിശ്ചയിച്ച് നൽകണമെന്നു മാത്രം. കോമൺ കൗൺസലിങ് ആയതിനാൽ എല്ലാ വിഭാഗങ്ങളിലും കൂടി ലഭ്യമായ മൊത്തം സീറ്റുകൾ പരിഗണിച്ചാണ് ആപേക്ഷിക മുൻഗണന നിശ്ചയിക്കേണ്ടത്.
ഏറ്റവും കൂടിയ താത്‌പര്യമുള്ള ചോയ്സ് - ഒന്നാം ചോയ്സ്, അടുത്തത് - രണ്ടാം ചോയ്സ് എന്ന രീതിയിൽ. ഒരിക്കൽ നൽകിയ ചോയ്സ്, സമയപരിധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലും പുനഃക്രമീകരിക്കാം. ചോയ്സ് നൽകാൻ മാർച്ച് 22 രാത്രി 11.55 വരെ സൗകര്യമുണ്ട്. നൽകിയ ചോയ്സുകൾ ലോക്ക് ചെയ്യാനും ഇതാണ് സമയപരിധി. ലോക്ക് ചെയ്യുന്ന സമയത്ത് അപേക്ഷാർഥിയുടെ പേജിൽ ഉള്ള ക്രമം ആണ് അലോട്ട്മെന്റിനായി പരിഗണിക്കുക. ലോക്കിങ് നടത്തുന്നില്ലെങ്കിൽ സമയപരിധിയാകുമ്പോൾ സിസ്റ്റം ചോയ്സുകൾ ലോക്ക് ചെയ്യും. ലോക്കിങ് കഴിഞ്ഞാൽ ചോയ്സിൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ല. പക്ഷേ, അതിന്റെ പ്രിന്റ് ഔട്ട് എടുക്കാം. ആദ്യ റൗണ്ട് ചോയ്സുകൾ, ആദ്യ റൗണ്ടിനു മാത്രമായിരിക്കും ബാധകം.
ഫ്രീ എക്സിറ്റ്
ആദ്യ റൗണ്ടിൽ ഒരു സീറ്റ് അലോട്ട് ചെയ്യപ്പെട്ടാൽ അത് വേണ്ടെന്നു വെക്കാനുള്ള സ്വാതന്ത്ര്യം അപേക്ഷാർഥിക്കുണ്ട്. ഇത് ഫ്രീ എക്സിറ്റ് ആണ്. ഡെപ്പോസിറ്റ് നഷ്ടപ്പെടില്ല. ആദ്യ റൗണ്ട് രജിസ്ട്രേഷൻ നിലനിൽക്കും. രണ്ടാംറൗണ്ടിൽ പുതിയ ചോയ്സ് നൽകി പങ്കെടുക്കാം.
ആദ്യ അലോട്ട്മെന്റ് സ്വീകരിച്ചാൽ
ആദ്യറൗണ്ട് അലോട്ട്മെന്റ് ലഭിക്കുന്നവർ പ്രവേശനം നേടാൻ കോളേജിൽ രേഖകൾ സഹിതം നിശ്ചിത തീയതിക്കകം ഹാജരായി അഡ്മിഷൻ എടുക്കണം. ആ സീറ്റിൽനിന്നും ഒരു മാറ്റം തുടർറൗണ്ടിൽ വേണ്ടെങ്കിൽ അപ്ഗ്രഡേഷൻ ഓപ്റ്റ് ചെയ്യരുത്.
രണ്ടാംറൗണ്ടിൽ മെച്ചപ്പെട്ട ചോയ്സ് നോക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അപ്ഗ്രഡേഷൻ ഓപ്റ്റ് ചെയ്യണം. അങ്ങനെ ചെയ്താൽ ആദ്യ സീറ്റ് നിലനിർത്തിക്കൊണ്ട് രണ്ടാംറൗണ്ടിൽ പുതിയ ചോയ്സ് നൽകി പങ്കെടുക്കാം. രണ്ടാംറൗണ്ടിൽ മാറ്റംവന്നാൽ അതു സ്വീകരിക്കണം. ആദ്യ അലോട്ട്മെന്റ് നിലനിൽക്കില്ല. സമയപരിധിക്കകം രണ്ടാം അലോട്ട്മെന്റ് സ്വീകരിച്ചില്ലെങ്കിൽ പുതിയ സീറ്റും നഷ്ടപ്പെടും. അതോടൊപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റും നഷ്ടപ്പെടും. മാറ്റം വന്നില്ലെങ്കിൽ ആദ്യത്തേതിൽ തുടരാം.
ആദ്യ റൗണ്ടിൽ സീറ്റ് സ്വീകരിച്ച് അപ്ഗ്രഡേഷനിൽ (രണ്ടാംറൗണ്ടിൽ) മാറ്റം വരാത്തവർക്ക്, ആദ്യ റൗണ്ട് സീറ്റിൽ തുടരാൻ താത്‌പര്യമില്ലെങ്കിൽ രണ്ടാം റൗണ്ട് ഫലപ്രഖ്യാപനത്തിനു ശേഷം രണ്ടു ദിവസങ്ങൾക്കുള്ളിൽ ആദ്യ റൗണ്ട് സീറ്റിൽനിന്നും രാജിെവക്കാം. സെക്യൂരിറ്റി നിക്ഷേപം നഷ്ടപ്പെടില്ല.
അപ്ഗ്രഡേഷന് ഓപ്റ്റ് ചെയ്ത ശേഷം അതുവേണ്ടെന്ന്, രണ്ടാംറൗണ്ട് ചോയ്സ് ഫില്ലിങ് സമയപരിധിക്കകം തോന്നുന്ന പക്ഷം രണ്ടാംറൗണ്ടിലേക്ക് ചോയ്സ് നൽകാതിരുന്നാൽ മതി. പഴയ സീറ്റ് നിലനിൽക്കും. രണ്ടാംറൗണ്ടിനുശേഷം പ്രവേശനം ഉള്ളവർക്ക് മറ്റൊരു കൗൺസലിങ്ങിലും (സ്റ്റേറ്റ് ക്വാട്ട ഉൾപ്പെടെ) പങ്കെടുക്കാൻ കഴിയില്ല. രണ്ടാംറൗണ്ടിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് സെക്യൂരിറ്റി നിക്ഷേപം വേണ്ടന്നുെവച്ച് എക്സിറ്റ് ചെയ്യാം. അവർക്ക് തുടർറൗണ്ടിൽ വ്യവസ്ഥകൾക്കു വിധേയമായി പങ്കെടുക്കാം.
No comments:
Post a Comment