ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. തുടങ്ങിയ 24 സിവിൽ സർവീസ് കേഡറുകളിലെ നിയമനത്തിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) നടത്തുന്ന സിവിൽ സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 796 ഒഴിവുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ ചേരാനും സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയെഴുതി ജയിക്കണം. മേയ് 31-നായിരിക്കും പ്രിലിമിനറി എഴുത്തുപരീക്ഷ
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം. അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അവസാനവർഷ പരീക്ഷ എഴുതാനിരിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം.
പ്രായം
2020 ഓഗസ്റ്റ് ഒന്നിന് 21-32 വയസ്സ്. 1988 ഓഗസ്റ്റ് രണ്ടിനും 1999 ഓഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരാവണം. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി.ക്കാർക്ക് മൂന്ന് വർഷവും വിമുക്തഭടർക്ക് അഞ്ച് വർഷവും അംഗപരിമിതർക്ക് (അന്ധർ, ബധിരർ, അസ്ഥിഭംഗം വന്നവർ) 10 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് അനുവദിക്കും.
പരീക്ഷ
പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളാണുള്ളത്. ആദ്യഘട്ടമായ പ്രിലിമിനറി പരീക്ഷയ്ക്കാണ് ഇപ്പോൾ അപേക്ഷിക്കുന്നത്. പ്രിലിമിനറി പരീക്ഷയുടെ ഫലം വന്നതിനുശേഷം മെയിൻ പരീക്ഷയ്ക്ക് അർഹരായവർ വീണ്ടും അപേക്ഷ സമർപ്പിക്കണം. 2020-ൽത്തന്നെ മെയിൻ പരീക്ഷ നടക്കും. മെയിൻ പരീക്ഷയിൽ പങ്കെടുക്കാൻ യോഗ്യരായവരെ തിരഞ്ഞെടുക്കുകയാണ് പ്രിലിമിനറി പരീക്ഷയുടെ ലക്ഷ്യം. ഒഴിവിന്റെ 12/13 മടങ്ങ് പേരെ മെയിൻ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കും. പ്രിലിമിനറി പരീക്ഷയുടെ മാർക്ക് അന്തിമപട്ടിക തയ്യാറാക്കുന്നതിന് പരിഗണിക്കില്ല. 200 മാർക്ക് വീതമുള്ള രണ്ട് പേപ്പറാണ് പ്രിലിമിനറി പരീക്ഷയ്ക്കുണ്ടാവുക. രണ്ടുമണിക്കൂർ വീതമായിരിക്കും ദൈർഘ്യം. രണ്ട് പേപ്പറും ഒബ്‌ജക്ടീവ് രീതിയിലാകും.
രണ്ടാംഘട്ടമായ മെയിൻ പരീക്ഷയ്ക്ക് ഡിസ്‌ക്രിപ്റ്റീവ് രീതിയിലുള്ള എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടാകും. എഴുത്തുപരീക്ഷയ്ക്ക് ഇംഗ്ലീഷും ഭാഷാവിഷയവും അഞ്ച് നിർബന്ധിത ജനറൽ സർവീസ് പേപ്പറുകളും രണ്ട് ഐച്ഛികവിഷയങ്ങളുമടക്കം ഒമ്പത് പേപ്പറുണ്ടാവും. എഴുത്തുപരീക്ഷയിൽ നിർദിഷ്ട കട്ട് ഓഫ് മാർക്ക് ലഭിക്കുന്നവരെ അഭിമുഖത്തിന് പരിഗണിക്കും. ഒഴിവിന്റെ രണ്ടുമടങ്ങ് പേരെയാണ് അഭിമുഖത്തിന് ക്ഷണിക്കുക. 275 മാർക്കാണ് അഭിമുഖത്തിന്.
നിബന്ധനകൾ
• ജനറൽ വിഭാഗക്കാരെ ആറുതവണ മാത്രമേ സിവിൽ സർവീസ് പരീക്ഷ (പ്രിലിമിനറി ഉൾപ്പെടെ) എഴുതാനനുവദിക്കൂ.
• ഒ.ബി.സി.ക്കാർക്ക് ഒമ്പതുതവണ പരീക്ഷ എഴുതാം. എസ്.സി., എസ്.ടി.ക്കാർക്ക് എത്രതവണ പരീക്ഷ എഴുതുന്നതിനും തടസ്സമില്ല.
• ജനറൽ വിഭാഗക്കാരായ ഭിന്നശേഷിക്കാർക്ക് ഒമ്പതുതവണ പരീക്ഷ എഴുതാം.
വിവരങ്ങൾക്ക്: www.upsconline.nic.in അവസാന തീയതി: മാർച്ച് മൂന്ന്
No comments:
Post a Comment