പൂട്ടിയത് 298 ബദൽ സ്കൂളുകൾ
സംസ്ഥാനത്തെ ബദൽ സ്കൂളുകളിൽ (ഏകാധ്യാപക വിദ്യാലയം) വിദ്യാർഥികൾ ഇതുവരെ കംപ്യൂട്ടർ ഉപയോഗിച്ചിട്ടില്ല, സ്മാർട്ട് ക്ലാസ്‌മുറി കണ്ടിട്ടില്ല. പ്രൈമറി സ്കൂളുകളിൽ നടപ്പാക്കുന്ന സർക്കാർ പദ്ധതികൾക്ക് പുറത്താണിവർ.
266 സ്കൂളുകളിലായി 4704 കുട്ടികളാണ് സംസ്ഥാനത്ത് ബദൽ സ്കൂളുകളിൽ പഠിക്കുന്നത്. ആദിവാസികൾ കൂടുതലുള്ള ഉൾനാടൻ ഗ്രാമങ്ങളിലാണ് ഇത്തരം സ്കൂളുകളുള്ളത്. ഇതിൽ നാലായിരത്തോളം കുട്ടികളും ആദിവാസി വിഭാഗങ്ങളിൽപ്പെട്ടവരാണ്.
അടിസ്ഥാനസൗകര്യങ്ങളില്ലാത്ത കെട്ടിടങ്ങളും വർഷംമുഴുവൻ യൂണിഫോംപോലും കൃത്യമായി കിട്ടാത്ത വിദ്യാർഥികളുമാണ് പല ബദൽ സ്കൂളുകളിലുമുള്ളത്. മറ്റു പ്രൈമറി സ്കൂളുകളിലേതുപോലെ പഠനോത്സവങ്ങളോ പഠനയാത്രകളോ ഒന്നും അനുഭവിക്കാത്ത കുരുന്നുകൾ. ഇത്തരം സ്കൂളുകളിൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ മടിക്കുന്നു. വിദ്യാർഥികളില്ലാതെ സ്കൂളുകളില്ലാതാകുമ്പോൾ ബദൽ സ്കൂളുകളിലെ അധ്യാപകരുടെ ജോലിയും ആശങ്കയിലാണ്.
1997-ലാണ് സർക്കാർ ബദൽ സ്കൂളുകൾ തുടങ്ങുന്നത്. 30 കുട്ടികൾക്ക് ഒരധ്യാപകൻ, കൂടുതലായാൽ രണ്ടുപേരെന്ന കണക്കിൽ അധ്യാപകരെയും നിയമിച്ചു. 2000-ത്തിൽ 564 ബദൽ സ്കൂളുകൾ സംസ്ഥാനത്തുണ്ടായിരുന്നു. ഇന്ന് 266 സ്കൂളുകൾ മാത്രമാണുള്ളത്. 298 എണ്ണംപൂട്ടി. ഇതോടെ സ്കൂൾ-അധ്യാപക അനുപാതത്തിലും മാറ്റംവന്നു.
പൂട്ടുന്നതനുസരിച്ച് മറ്റു ബദൽ സ്കൂളുകളിലേക്ക് അധ്യാപകരെ മാറ്റുകയാണ് സർക്കാരിപ്പോൾ ചെയ്യുന്നത്. കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരാണ് ബദൽസ്കൂൾ അധ്യാപകർ. ശമ്പളം കിട്ടിയിട്ട് അഞ്ചുമാസം പിന്നിട്ടു. 2016 വരെ 5000 രൂപമാത്രമായിരുന്നു മാസവേതനം. ഇപ്പോഴത് 18,500 രൂപയാണ്.
കൂടുതൽ ഇടുക്കിയിൽ
11 ജില്ലകളിലാണിപ്പോൾ ബദൽ സ്കൂളുകളുള്ളത്. കൂടുതൽ ഇടുക്കിയിൽ-62 എണ്ണം. 75 അധ്യാപകരുണ്ട്. മുന്പുണ്ടായിരുന്നത് 78 സ്കൂളുകൾ
മലപ്പുറത്ത് 45 സ്കൂളുകളും 77 അധ്യാപകരുമാണുള്ളത്. തുടക്കത്തിൽ ഇവിടെ 78 സ്കൂളുകൾ ഉണ്ടായിരുന്നു
വയനാട്ടിൽ 32 സ്കൂളുകളും 39 അധ്യാപകരും. 54 സ്കൂളുകൾ ഉണ്ടായിരുന്നതാണിവിടെ.
ഒമ്പത് ബദൽ സ്കൂളുകളുണ്ടായിരുന്ന പത്തനംതിട്ടയിൽ ഒന്നുപോലും പ്രവർത്തിക്കുന്നില്ല.
അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ല
സംസ്ഥാനത്തെ ബദൽ സ്കൂളുകളിൽ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ല. മറ്റു സ്കൂളുകളിൽ ആധുനികസൗകര്യങ്ങൾവരെയുള്ളപ്പോൾ ഇത്തരം സ്കൂളുകളിലെ കുട്ടികളെ പുറത്തുനിർത്തുന്നത് ശരിയല്ല
അനിൽകുമാർ കരിപ്പോടി
സംസ്ഥാന സെക്രട്ടറി, ബദൽ സ്കൂൾ അധ്യാപക യൂണിയൻ
Courtesy Mathrbhoomi
No comments:
Post a Comment