പത്താംക്ലാസിനുശേഷം പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിക്കാൻ താത്‌പര്യമുണ്ടെങ്കിൽ സൈക്കോളജി ഒരു ഓപ്ഷണൽ വിഷയമായി പഠിക്കാവുന്ന സ്ട്രീമുകൾ കേരള ഹയർ സെക്കൻഡറി സ്കൂളുകളിൽ ഉണ്ട്. സയൻസ് സ്ട്രീമിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കൊപ്പവും സയൻസ് ഇതര സ്ട്രീമിൽ (i) സോഷ്യോളജി, സോഷ്യൽവർക്ക്, ഗാന്ധിയൻ സ്റ്റഡീസ് (ii) ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് (iii) സോഷ്യോളജി, സോഷ്യൽവർക്ക്, സ്റ്റാറ്റിസ്റ്റിക്സ് (iv) ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് എന്നിവയ്ക്കൊപ്പവും സൈക്കോളജി നാലാം ഓപ്ഷണലായുള്ള കോംബിനേഷൻ പ്ലസ് ടു തലത്തിൽ ലഭ്യമാണ്. ഇതുള്ള സ്കൂളുകളുടെ പട്ടിക http://hscap.kerala.gov.in/ ൽ കാണാം. ഇതിൽ താത്‌പര്യമുള്ള ഗ്രൂപ്പെടുത്ത് പ്ലസ് ടു ജയിച്ചശേഷം ബി.എസ്‌സി സൈക്കോളജി പ്രവേശനത്തിന് ശ്രമിക്കാം.
പക്ഷേ, ഡിഗ്രിതലത്തിൽ മുഖ്യവിഷയമായി സൈക്കോളജി പഠിക്കാൻ പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിച്ചിരിക്കണമെന്ന് വ്യവസ്ഥയില്ല. ഏതു സ്ട്രീമിൽ, ഏതു വിഷയങ്ങൾ ഓപ്ഷണൽ ആയി പഠിച്ചശേഷവും സൈക്കോളജി ബിരുദ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. പക്ഷേ, പ്ലസ്ടു തലത്തിൽ സൈക്കോളജി പഠിച്ചവർക്ക് സൈക്കോളജി ബിരുദ പ്രോഗ്രാം പ്രവേശനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കുമ്പോൾ വെയ്റ്റേജ് ലഭിക്കും.
കേരള സർവകലാശാലയിലെ ബി.എസ്‌സി. സൈക്കോളജി പ്രവേശന റാങ്ക്പട്ടിക തയ്യാറാക്കുമ്പോൾ ഹയർസെക്കൻഡറിയിലെ മൊത്തംമാർക്കിനൊപ്പം സൈക്കോളജിക്കു കിട്ടിയ മാർക്കിന്റെ 15 ശതമാനംകൂടി ചേർക്കും. പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിച്ചിട്ടില്ലെങ്കിൽ മാത്തമാറ്റിക്സ്/ബയോളജിയുടെ മാർക്കിന്റെ (കൂടുതൽ മാർക്കുള്ളതിന്റെ) 10 ശതമാനം വെയ്റ്റേജായി ലഭിക്കും. അതിനാൽ ഡിഗ്രി പ്രവേശനത്തിൽ പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിച്ചവർക്ക് അല്പം കൂടുതൽ പ്രവേശനസാധ്യതയുണ്ട്.
No comments:
Post a Comment