അനിഷ് ജേക്കബ്
തിരുവനന്തപുരം
: സംസ്ഥാനത്തെ സ്കൂൾകുട്ടികളുടെ ആധാർ പരിശോധനയിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ 1.73 ലക്ഷം പേരുടെ രേഖകൾ പൊരുത്തപ്പെടുന്നില്ല. ഇതിൽ ഒരുലക്ഷത്തിലേറെയും എയ്ഡഡ് മേഖലയിലാണ്. അൺ എയ്ഡഡ് മേഖലയിലെ 77,808 കുട്ടികളുടെ രേഖകളും പൊരുത്തപ്പെടുന്നില്ല.
കണക്കെടുപ്പുദിവസം അൺ എയ്ഡഡ് സ്‌കൂളിൽനിന്ന് എയ്ഡഡ് സ്‌കൂളുകളിലേക്ക് കുട്ടികളെ മാറ്റിയിരുത്തി തസ്തിക സൃഷ്ടിക്കുന്ന രീതി ചില സ്കൂളുകളിലുണ്ട്. ഇവയെല്ലാം വ്യാജ അഡ്മിഷനാണെന്ന നിഗമനത്തിൽ എത്താനാകില്ലെങ്കിലും നല്ലൊരുഭാഗവും സംശയനിഴലിലാണ്. പ്രത്യേകിച്ചും എയ്ഡഡ് മേഖലയിൽ. വ്യാജ അഡ്മിഷൻ നടത്തി തസ്തിക സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കൈറ്റിനെ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കാൻ ചുമതലപ്പെടുത്തിയത്. ആദ്യംനൽകിയ കണക്കിൽ വലിയ പൊരുത്തക്കേടുകൾ കണ്ടതിനെത്തുടർന്ന് അവ തിരുത്താൻ അവസരം നൽകി. തിരുത്തിയ കണക്കിലാണ് ഇത്രയും വ്യത്യാസം.
അധ്യാപകതസ്തിക സൃഷ്ടിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന നിബന്ധന ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നു. ഇതിനെതിരേ മാനേജ്‌മെന്റുകൾ കടുത്ത പ്രതിഷേധം ഉയർത്തിവരുകയാണ്.
കൂടുതൽ വിശദമായ പരിശോധന വേണം
നൽകിയ യു.ഐ.ഡി. നമ്പർ ശരിയാണോയെന്നു കണ്ടെത്താനാകാത്ത 91,000-ൽപ്പരം കുട്ടികളാണുള്ളത്. ആധാറിലും സ്‌കൂൾരേഖയിലുമുള്ള പേര്, ജനനത്തീയതി, ലിംഗം എന്നിവയിൽ ഏതെങ്കിലും വ്യത്യാസപ്പെട്ടാൽ പരിശോധിക്കാനാകാതെ വരും. ഇത്തരം കേസുകളിൽ കൂടുതൽ വിശദമായ പരിശോധന വേണം
-കെ. അൻവർ സാദത്ത്,
കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ
No comments:
Post a Comment