Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Sunday 19 April 2020

ഇവർ എഞ്ചിനീയറിങ്ങിലെ നിത്യഹരിത ശാഖകൾ

ഇവർ എഞ്ചിനീയറിങ്ങിലെ നിത്യഹരിത ശാഖകൾ

സിനിമയിലെയും ക്രിക്കറ്റിലെയും നിത്യഹരിത താരങ്ങളെ നമുക്ക് അറിവുണ്ട്. അതേ പോലെ എവർഗ്രീനായ ബ്രാഞ്ചുകൾ എഞ്ചിനീയറിങ്ങിലുമുണ്ട്. 
 നിരവധി പഠന ശാഖകൾ ഉണ്ടെങ്കിലും  ചുരുക്കം ചിലത് മാത്രമാണ് അതിൽ എവർഗ്രീൻ ആയിട്ടുള്ളത്.
 എവർഗ്രീൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, എക്കാലവും നല്ല ഡിമാൻഡും ഉയർന്ന ശമ്പളമുള്ള  ജോലിയും നൽകുന്നത് എന്നർത്ഥത്തിലാണ്. വൻകിട സ്വകാര്യ കമ്പനികൾക്കൊപ്പം  സർക്കാർ മേഖലകൾ പോലും ഇത്തരം എവർഗ്രീൻ എൻജിനീയറിങ് പഠനം കഴിഞ്ഞിറങ്ങുന്നവരെ കാത്തിരിപ്പാണ് എന്നറിയുക.

പ്ലസ് ടു  കഴിഞ്ഞ് ഏതു എൻജിനീയറിങ് കോഴ്സ് എടുക്കണം എന്ന കൺഫ്യൂഷനിലാണെങ്കിൽ താഴെയുള്ള പത്തു കോഴ്‌സുകളിൽ ഒരെണ്ണം തെരഞ്ഞെടുക്കാവുന്നതാണ്.

1) ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യുണിക്കേഷൻ  എൻജിനീയറിങ്

ഏറ്റവുമധികം വിദ്യാർത്ഥികൾ തെരഞ്ഞെടുക്കുന്ന കോഴ്‌സാണ് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യുണിക്കേഷൻ  എൻജിനീയറിങ്.  കാലത്തിനൊത്ത ലോജിക്കൽ സർക്ക്യൂട്ടുകൾക്ക് രൂപം നൽകുകയാണ് പ്രധാന ജോലി. എട്ട് സെമെസ്റ്ററുകളിലും അക്കാദമിക മികവ് പുലർത്തുന്നതിനൊപ്പം നവീന ആശയങ്ങൾ മുന്നോട്ടുവെയ്ക്കുന്ന പ്രോജക്ടും കോഴ്‌സിന്റെ ഭാഗമാണ്. നാല് വർഷത്തെ ഡിഗ്രീ പൂർത്തിയായിക്കഴിഞ്ഞ് രണ്ടോ മൂന്നോ വർഷത്തെ എക്‌സ്‌പീരിയൻസ് കൂടി കൈയിലുണ്ടെങ്കിൽ ശരാശരി 40,000 മുതൽ ഒരു ലക്ഷം രൂപ വരെ സമ്പാദിക്കുന്ന ഒരു എൻജിനീയറാണ് നിങ്ങൾ.
 ന്യൂ ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മഹാരാജ അഗ്രാസെന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ജാമിയ മില്ലിയ്യ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിൽ ഈ കോഴ്സ് ലഭ്യമാണ്. കേരളത്തിലും NIT, IITകളിലും ഇത് ഉണ്ട്.

2) സോഫ്ട്‍വെയർ എൻജിനീയറിങ്

കമ്പ്യൂട്ടർ സയൻസിൽ ബിരുദമോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാന്തര ബിരുദമോ ഒപ്പം വിവിധ തരം പ്രോഗ്രാമിങ് ലാംഗ്വേജുകളും അറിയാമെങ്കിൽ നിങ്ങൾക്കും ഒരു  സോഫ്ട്‍വെയർ എൻജിനീയറാകാം. ആപ്ലിക്കേഷനുകൾക്ക് പ്രോഗ്രാമുകൾ ഉണ്ടാക്കുകയാണ് പ്രധാന ജോലി.  ഒരു തുടക്കക്കാരൻ ആണെങ്കിൽ പ്രോഗ്രാമിങിൽ മികവുണ്ടാകണം. വിൻഡോസിൽ വെബ്-അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകൾ ഒരൽപം ക്രിയേറ്റിവിറ്റിയോടുകൂടി അവതരിപ്പിക്കാനുള്ള കഴിവും കൈമുതലാണ്. ലോകം ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന ഇക്കാലം സോഫ്ട്‍വെയർ എൻജിനീയറിങ്ങിനു സുവർണ്ണ കാലമാണെങ്കിൽ എണ്ണമറ്റ തൊഴിൽ സാധ്യതകളാണ്  കാത്തിരിക്കുന്നത്. ശരാശരി 50,000 മുതൽ ഒന്നര ലക്ഷം രൂപവരെ സോഫ്ട്‍വെയർ എൻജിനീയറായാൽ സമ്പാദിക്കാം. ചെന്നൈ എസ് ആർ എം യൂണിവേഴ്‌സിറ്റി, കൊച്ചിൻ യൂണിവേറിസ്റ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ദുർഗാപൂർ നാഷണൽ ഇൻസ്റിറ്റ്യൂട് ഓഫ് ടെക്നോളജി എന്നിവടങ്ങളിൽ കോഴ്‌സ് ലഭ്യമാണ്.

3) സിവിൽ എൻജിനീയറിങ്

എൻജിനീയറിങ് പഠന ശാഖകളിലെ മുത്തച്ഛനാണ്‌ സിവിൽ എൻജിനീയറിങ്. ആധുനികവും  ആസൂത്രിതവുമായ സുന്ദരനഗരങ്ങൾ ലോകമെമ്പാടും കാണുന്നതിന്റെ ക്രെഡിറ്റ് സിവിൽ എൻജിനീയറിങ്ങിനാണ്. കുറച്ചുകാലം മുമ്പുവരെ സിവിൽ എൻജിനീയറിങ്ങിൽ തൊഴിൽ സാദ്ധ്യതകൾ കുറവായിരുന്നെങ്കിലും രാജ്യത്ത് മെട്രോ  നഗരങ്ങളുടെ എണ്ണം  വർദ്ധിക്കുന്നതുകൊണ്ട്  നിരവധി സിവിൽ എൻജിനീയർമാരെ ആവശ്യമായിട്ടുണ്ട്. സിവിൽ എൻജിനീയറിങ്ങിൽ ബിരുദത്തിനൊപ്പം പുതിയ  കെട്ടിടങ്ങൾ രൂപകൽപന ചെയ്യാനുള്ള കഴിവുമുണ്ടെകിൽ ശരാശരി 55,000 രൂപവരെ പ്രതിമാസം നേടാം. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്, ഐ ഐ ടി ബോംബെ, മദ്രാസ് ഐ ഐ ടി, NITകൾ, ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി, മണിപ്പാൽ ഇൻസ്റിറ്റ്യൂട് ഓഫ് ടെക്നോളജി  എന്നിവടങ്ങളിൽ കോഴ്‌സ് ലഭ്യമാണ്.

4) ഇലക്ട്രിക്കൽ എൻജിനീയറിങ്

സകല മേഖലയ്ക്കുമുള്ള ഇലക്ട്രോണിക്‌ ഉപകരണങ്ങൾ നിർമ്മിക്കുന്നത്  ഇലക്ട്രിക്കൽ എൻജിനീയർമാരാണ്. സിവിൽ എൻജിനീയറിങ്ങിനോടൊപ്പമുള്ള പഴയ ശാഖയാണെങ്കിലും എക്കാലത്തും ജോലി സാധ്യതയുള്ള മേഖലയാണ് ഇലക്ട്രിക്കൽ എൻജിനീയറിങ്. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദമാണ് അടിസ്ഥാന  യോഗ്യത. ഇലക്ട്രോണിക്‌  ഉപകരണങ്ങളുടെ രൂപകൽപന, സാങ്കേതിക വികസനം, പരിശോധന തുടങ്ങിയവയാണ് ഒരു ഇലക്ട്രിക്കൽ എൻജിനീയർ പ്രധാനമായും ചെയ്യേണ്ടത്. ഇലക്ട്രോണിക്‌ ഉപകാരണങ്ങളുടെ ആവശ്യകതയും മാർക്കറ്റ് സാധ്യതകളും അവസാനിക്കാത്തിടത്തോളം ഇലക്ട്രിക്കൽ എൻജിനീയറിങ് തൊഴിൽ മേഖല സുരക്ഷിതമായിരിക്കും. ശരാശരി 40,000  മുതൽ 75,000 രൂപ വരെ ഇലക്ട്രിക്കൽ എൻജിനീയറിനു ലഭിക്കുന്നു. ഐ ഐ ടി ബോംബെ, ന്യൂ ഡൽഹി ഐ ഐ ടി, കാൺപൂർ ഐ ഐ ടി, മദ്രാസ് ഐ ഐ ടി, NIT, കേരളത്തിലെ കോളേജുകൾ  എന്നിവിടങ്ങളിൽ കോഴ്‌സ് ചെയ്യാവുന്നതാണ്.

5)  ന്യൂക്ലിയർ എൻജിനീയറിങ്

ആണവ റിയാക്ടറുകളുടെയും പവർ പ്ലാന്റുകളുടെയും രൂപകൽപനയും മേൽനോട്ടവുമാണ് ഈ ജോലി ആവശ്യപ്പെടുന്നത്. അതിനായി ന്യൂക്ലിയർ എൻജിനീറിയങ്ങിൽ ബിരുദവും ന്യൂക്ലിയർ ഫിസിക്‌സിൽ താത്പര്യവും ഉണ്ടാവേണ്ടത് നിർബന്ധമാണ്. പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ആണവ റിയാക്ടറുകളുടെയും പവർ പ്ലാന്റുകളുടെയും പ്രാധാന്യം ഒഴിവാക്കാനാകാത്തതാണ്. എക്കാലവും തൊഴിൽ സാധ്യത ഉറപ്പുനൽകുന്ന ഈ മേഖല പ്രതിമാസം ഒരു ലക്ഷം രൂപ വരെ ശരാശരി ശമ്പളം ഉറപ്പാക്കുന്നു. ഗുജറാത്തിലെ പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം യൂണിവേഴ്സിറ്റി, ഐ ഐ ടി ബോംബെ, മദ്രാസ് ഐ ഐ ടി, കാൺപൂർ ഐ ഐ ടി, അമിറ്റി ഇൻസ്റ്റിറ്റ്യുട് ഓഫ് ന്യൂക്ലിയർ സയൻസ് ആൻഡ് ടെക്നോളജി, ഹോമി ബാബ നാഷണൽ ഇൻസ്റ്റിറ്റ്യട്ട് എന്നിവടങ്ങളിൽ കോഴ്‌സ് ലഭ്യമാണ്.

6) പെട്രോളിയം എൻജിനീയറിങ്

ഒരൽപം കഠിന പ്രയത്‌നം വേണ്ട ജോലിയാണിത്‌. ജോലിയുടെ  ഭാഗമായി  ഖനന പ്രദേശങ്ങളിൽ അധിക സമയം ചെലവഴിക്കേണ്ടി വരുമെങ്കിലും  വികസിത രാജ്യങ്ങളിൽ പെട്രോളിയം എൻജിനീയർക്ക് നല്ല ഡിമാൻഡാണ്. കെമിക്കൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. ഖനനപ്രദേശങ്ങളിലെ ജോലിയായതുകൊണ്ട് തൊഴിലിനൊപ്പം ആരോഗ്യപരിരക്ഷയും കമ്പനികൾ നൽകുന്നു. ശരാശരി 80,000 രൂപ മുതലാണ് പരിചയസമ്പന്നനായ പെട്രോളിയം എൻജിനീയർക്ക് ശമ്പളം. ഐ ഐ ടി ബോംബെ, യൂനിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആൻഡ് എനർജി സ്‌റ്റഡീസ്‌ ഡെറാഡൂൺ , പൂനെ മഹാരാഷ്ട്ര ഇൻസ്റ്റിറ്റ്യുട് ഓഫ് ടെക്നോളജി  എന്നിവടങ്ങളിൽ കോഴ്‌സ് ലഭ്യമാണ്.

7) അഗ്രിക്കൾച്ചറൽ എൻജിനീയറിങ്

കാർഷിക മേഖലയിലെ വിളവ്  കുറഞ്ഞ ചെലവിൽ എങ്ങനെ ഉയർന്നതാകാം എന്നാണ് അഗ്രിക്കൾച്ചറൽ  എൻജിനീയറിങ്ങിൽ ഗവേഷണം നടക്കുന്നത്. വിദ്യാർത്ഥികൾക്ക് ഇപ്പോൾ താല്പര്യം കുറഞ്ഞ മേഖലയാണെങ്കിലും ഭാവിയിൽ നിരവധി തൊഴിൽ സാദ്ധ്യതകൾ ഉണ്ടാകുന്ന മേഖലയാണിത്. പ്രതിമാസം ശരാശരി 40,000 രൂപ ശമ്പള വാഗ്ദാനം ചെയുന്ന ഈ മേഖലയിൽ ബയോടെക്നൊളജിയിൽ ബിരുദവും ഗവേഷണങ്ങൾക്കുള്ള നൂതന ആശയങ്ങളുള്ളവർക്കുമാണ് അവസരം. ഭക്ഷ്യ സുരക്ഷ ആഗോളതലത്തിൽ ഭീഷണിയാകുന്ന സാഹചര്യത്തിൽ ചെറിയ കൃഷിയിടങ്ങളിൽ വലിയ തോതിലുള്ള  വിളവ് കൊയ്യേണ്ടത് അത്യാവശ്യമാണ്. അതിനു മികച്ച അഗ്രിക്കൾച്ചറൽ എൻജിനീയർമാർത്തന്നെ വേണം. ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസേർച് ഇൻസ്റ്റിറ്റ്യുട് ന്യൂ ഡൽഹി, സർദാർ വല്ലഭായ് പട്ടേൽ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കൾച്ചർ അബ്ദുൽ ടെക്നോളജി ഉത്തർ പ്രദേശ്,  സെൻറ്റീൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി മണിപ്പൂർ, പഞ്ചാബ് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി ലുധിയാന, കേരള അഗ്രി എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ കോഴ്‌സ് ലഭ്യമാണ്.

8) ഓട്ടോമൊബൈൽ എൻജിനീയറിങ്

പുതിയ ജനറേഷന് ഏറെ താല്പര്യം കണ്ടുവരുന്ന മേഖലയാണ് ഓട്ടോമൊബൈൽ എൻജിനീയറിങ്. പുത്തൻ ലോകത്തിനൊപ്പം നിൽക്കുന്ന വാഹനങ്ങളുടെ  ഡിസൈനുകളും  എല്ലാത്തരത്തിലുമുള്ള ഭാഗങ്ങളുടെ നിര്‍മ്മാണവുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. ആഗോളതാപനം പോലെയുള്ള വെല്ലുവിളികൾ നിലനിൽക്കെ ഇന്ധനകാര്യക്ഷമത ഉറപ്പാക്കാൻ കഴിവുള്ള ഓട്ടോമൊബൈൽ എൻജിനീയർമാർ ഈ മേഖല ആവശ്യപ്പെടുന്നു. ഇലക്ട്രിക്കൽ വാഹനങ്ങളുടെ വരവോടുകൂടി ഇലക്ട്രിക്കൽ എൻജിനീയറിങ് മേഖല ഈ മേഖലയോടൊപ്പം കൈകോർക്കുന്നു. ഒരു ലക്ഷം രൂപ വരെ ശരാശരി ശമ്പളം പ്രതീക്ഷിക്കാവുന്ന ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ബിരുദമാണ് യോഗ്യത. തമിഴ് നാട് സത്യഭാമ യൂണിവേഴ്സിറ്റി, മദ്രാസ് ഇൻസ്റ്റിറ്റ്യുട് ഓഫ് ടെക്നോളജി,  ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി, ഐ ഐ ടി ന്യൂ ഡൽഹി, ഐ ഐ ടി കാൺപൂർ , കേരളത്തിലെ കോളേജുകൾ എന്നിവിടങ്ങളിൽ കോഴ്‌സ് ചെയ്യാൻ കഴിയും.

9) എയ്റോസ്‌പേസ് എൻജിനീയറിങ് 

ആകർഷകമായ തൊഴിൽ സാധ്യതകളാണ് എയ്റോസ്‌പേസ് എൻജിനീയറിങിലുള്ളത്. അതിനൂതന സാങ്കേതിക വിദ്യകളിലൂടെ പുതിയതരം വിമാനങ്ങൾ നിർമ്മിക്കലാണ് ഈ മേഖല പ്രധാനമായും കൈകാര്യം ചെയുന്നത്. ഫിസിക്‌സിലും എയ്റോഡയനാമിക്സിലുമുള്ള അഭിരുചിയാണ് ഈ മേഖലയിൽ വേണ്ടത്. വിമാനയാത്ര സാധാരകരിലേക്കും എത്തുന്ന ഇക്കാലത്ത് വിമാനങ്ങളുടെ ഉത്പാദനത്തിനും മാറ്റങ്ങൾ ആവശ്യമായി വരുന്നുണ്ട്. കാര്യക്ഷമവും മികച്ച പ്രകടനവും കാഴ്ചവെക്കുന്ന യുദ്ധവിമാനങ്ങൾക്ക് എക്കാലത്തും  പ്രതിരോധ മേഖലയ്ക്ക് ആവശ്യമുണ്ട്. ശരാശരി ഒരു ലക്ഷം രൂപയിലധികം ശമ്പള ലഭിക്കുന്ന എയ്റോസ്‌പേസ് എൻജിനീയറിങ്  അതുകൊണ്ടുത്തന്നെ സ്വകാര്യരംഗത്തും പ്രതിരോധരംഗത്തും ഒരുപോലെ തൊഴിൽ സാധ്യതയേറിയതാണ്. തിരുവന്തപുരം എൻജിനീയറിങ് കോളേജ്, ഐ ഐ ടി ബോംബെ, ഐ ഐ ടി കാൺപൂർ, ഐ ഐ ടി മദ്രാസ്, മണിപ്പാൽ ഇൻസ്റ്റിറ്റ്യുട് ഓഫ് ടെക്നോളജി കർണ്ണാടക  എന്നിവടങ്ങളിൽ കോഴ്‌സ് ലഭ്യമാണ്.

10)  മെക്കാനിക്കൽ എൻജിനീയറിങ്

വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങളുടെ രൂപകൽപ്പനയും നിർമ്മാണവും ബന്ധപ്പെട്ട ഗവേഷണങ്ങളുമാണ് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ പ്രധാനമായുമുള്ളത്. ജനറേറ്ററുകൾ, വിവിധതരം എൻജിനുകൾ, ടർബൈനുകൾ തുടങ്ങിയ ഉപകരണങ്ങളെല്ലാം ഇതിലുൾപ്പെടും. വ്യാവസായിക മേഖലയുമായി ബന്ധപെട്ടു നിൽക്കുന്നതുകൊണ്ടും മറ്റു മേഖലകൾക്കുളള ഉപകരണങ്ങളുടെ ഉൽപാദനശാഖയായതുകൊണ്ടും ഇപ്പോഴും ഭാവിയിലും തോഡിൽ സുരക്ഷിതത്വം ഉറപ്പാക്കും. ശരാശരി 55,000 രൂപയ്ക്കു മുകളിൽ ശമ്പളം ലഭിക്കുന്ന ഈ മേഖലയ്ക്ക് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദമുള്ളവർക്കാണ് അവസരം. 
തിരുവന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് തുടങ്ങിയ എൻജിനീയറിങ് കോളേജുകൾ, NIT, ഐ ഐ ടി ഡൽഹി, ഐ ഐ ടി ഗുവാഹട്ടി, ഐ ഐ ടി മദ്രാസ്  എന്നിവിടങ്ങളില്‍ കോഴ്‌സ് ലഭ്യമാണ്.

കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളെ വിശദമായി പ്രതിപാദിച്ചിട്ടില്ല. NIRF സൈറ്റിൽ കയറി എഞ്ചിനീയറിങ് കോളേജ് റാങ്കിങ്ങ് നോക്കി, അത്തരം സ്ഥാപനങളിൽ മേൽ പരാമർശിത കോഴ്‌സുകൾ ഉണ്ടോ എന്ന് മനസിലാക്കുകയും, അതിലേക്കുള്ള പ്രവേശനവഴികളെ അടുത്തറിഞ്ഞ് പ്രവേശനം തേടുകയും ചെയ്യുക.

വിവരം പകർന്നത്
മുജീബുല്ല KM
സിജി കരിയർ ഗൈഡ്
www.cigi.org

No comments:

Post a Comment