കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്തെ ഉടച്ചുവാർക്കാനുതകുന്നതരത്തിലുള്ള പുതിയ കോഴ്‌സുകളും പഠനരീതികളും നിർദേശിച്ച് സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കയാണ്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് ക്രിയാത്മകമായ മാറ്റമുണ്ടാകണമെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. വിദ്യാഭ്യാസപുരോഗതിയിൽ സംസ്ഥാനത്തിന് ക്രമാനുഗതവളർച്ചയുണ്ടെന്ന് പറയുമ്പോഴും അഖിലേന്ത്യാ ശരാശരിയിൽ സംസ്ഥാനം ഏറെ പിന്നിലാണെന്നത് കേരളത്തിന്റെ യഥാർഥചിത്രം വെളിവാക്കുന്നു. കഴിഞ്ഞകാലങ്ങളിലെ കണക്ക് പരിശോധിച്ചാൽ സംസ്ഥാനത്തിന് ഈ രംഗത്തെ വളർച്ച നിരാശാജനകമാണ്. ഇതേ സന്ദർഭത്തിൽ സിക്കിം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ ഉന്നതവിദ്യാഭ്യാസരംഗത്ത് കാര്യമായ മുന്നേറ്റമുണ്ടാക്കി. കേരളത്തിന്റെ ഈ മെല്ലെപ്പോക്ക് ചർച്ചചെയ്യേണ്ടതും പരിഹരിക്കേണ്ടതുമായ സമയം അതിക്രമിച്ചുകഴിഞ്ഞു. ‘മാറാൻ മടിച്ച ഉന്നതവിദ്യാഭ്യാസം’ എന്നപേരിൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച പരമ്പര നമ്മുടെ ഉന്നതപഠനമേഖലയിലെ വൈകല്യങ്ങൾ തുറന്നുകാണിക്കുന്നതായിരുന്നു.
സംസ്ഥാനത്ത് സർക്കാർമേഖലയ്ക്ക് പുറത്തുള്ളത് ഉൾപ്പെടെ കോളേജുകളുടെ എണ്ണം പരിശോധിച്ചാൽ ആവശ്യത്തിനുണ്ടെന്ന അനുമാനത്തിലേക്കെത്താനാകും. വേണ്ടത്ര സർവകലാശാലകളും നമുക്കുണ്ട്. ഇവയൊക്കെ മുന്നോട്ടുവെക്കുന്നത് പരമ്പരാഗതവും ആധുനികവുമായ കോഴ്‌സുകൾ സമന്വയിപ്പിച്ചുള്ള പഠനസംവിധാനങ്ങളുമാണ്. എന്നാൽ, ഇവയിൽ കാലാനുസൃത മാറ്റങ്ങളുണ്ടാകുന്നില്ലെന്ന യാഥാർഥ്യം നിലനിൽക്കുന്നു. ഗവേഷണകാര്യങ്ങളിൽ നാം പിന്നോട്ടുപോവുകയും ആധുനികവിഷയങ്ങളെ വേണ്ടരീതിയിൽ സ്വീകരിക്കുന്നതിലും വികസിപ്പിക്കുന്നതിലും മടികാണിക്കുകയും ചെയ്യുന്നു. ഇതുകാരണം മികച്ച ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിൽനിന്ന് പുറത്തേക്ക് കുട്ടികൾ ഒഴുകുന്നു.
ഉന്നതവിദ്യാഭ്യാസത്തിനായി രാജ്യത്തെ മറ്റ് സർവകലാശാലകളെയോ അല്ലെങ്കിൽ വിദേശ സർവകലാശാലകളെയോ ആശ്രയിക്കാൻ നമ്മുടെ വിദ്യാർഥികളെ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്ന് നാം ഇനിയെങ്കിലും അന്വേഷിക്കണം. കാലാകാലങ്ങളിൽ നാം കൊണ്ടുവന്ന പല കോഴ്‌സുകളും പിൽക്കാലത്ത് പഠിക്കാൻ ആളില്ലാത്ത നിലച്ചുപോയിട്ടുണ്ട്. പഠിച്ചിറങ്ങുന്ന കോഴ്‌സുകൾക്ക് അനുയോജ്യമായ സംരംഭങ്ങൾ ഉണ്ടാകാത്തതും ഉന്നതവിദ്യാഭ്യാസസാധ്യതകൾ ഇല്ലാതിരുന്നതും ഇത്തരം കോഴ്‌സുകളെ അനാകർഷകമാക്കി.
വ്യവസായമേഖലയിൽനിന്നുൾപ്പെടെയുള്ള വിവിധരംഗത്തെ വിദഗ്‌ധരെ സമിതിയിൽ ഉൾപ്പെടുത്തി കോഴ്‌സുകൾ രൂപകല്‌പന ചെയ്താൽ സമീപഭാവിയിൽ പുതുതലമുറ കോഴ്‌സുകളെ കൂടുതൽ പ്രസക്തമാക്കാനാകും. അനുദിനം വളരുന്ന സാങ്കേതികതയ്ക്കനുസരിച്ച് സർവകലാശാലകൾ നൽകുന്ന പ്രത്യേക കോഴ്‌സുകളെയും വിപുലപ്പെടുത്തണം. കോഴ്‌സ് കഴിഞ്ഞാൽ ജോലി എന്നതിനപ്പുറത്ത് ഗവേഷണസാധ്യതകൂടി ലഭ്യമാക്കിയാൽ ഒരുവിഭാഗത്തെ ഈ മേഖലയിലേക്ക് തിരിച്ചുവിടാനും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കാനും കഴിയും. പഠനം, ജോലി എന്നീ ലക്ഷ്യങ്ങൾക്കപ്പുറം എന്തുപഠിക്കണമെന്നും ഏതുലക്ഷ്യത്തിലേക്കെത്താനാണ് അത് പഠിക്കേണ്ടതെന്നും വിശാലമായ വീക്ഷണം കുട്ടികൾക്കുണ്ടാവുകയും വേണം.
കാലാകാലങ്ങളിൽ സർക്കാരുകൾ ഉന്നതവിദ്യാഭ്യാസമേഖലയിൽ മാറ്റങ്ങൾക്ക് വഴിമരുന്നിടുന്ന നീക്കങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും പലതും അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. ഇതിനുപിന്നിൽ വിവിധ വിഭാഗത്തിന്റെ താത്പര്യങ്ങളാണുണ്ടായത്. വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളൊരുക്കാതെയും ചർച്ചകൾ നടത്താതെയുമൊക്കെയാണ് ഇത്തരം നീക്കങ്ങൾ നടന്നതെന്നായിരുന്നു പലപ്പോഴും ആക്ഷേപമുണ്ടായത്. ഒട്ടേറെ പഠനങ്ങളുണ്ടായി. അവയിൽനിന്ന് ഗുണപരമായ നിർദേശങ്ങളുമുണ്ടായി. പക്ഷേ, പലതും നടപ്പാക്കിയില്ല. പല റിപ്പോർട്ടുകളും ഇപ്പോൾ പൊടിപിടിച്ചുകിടക്കുന്നു. ഉന്നതവിദ്യാഭ്യാസമെന്നത് ഇത്തരം റിപ്പോർട്ടുകൾ മാത്രമായി അവശേഷിക്കുന്നതിനുപകരം അവയിലെ ക്രിയാത്മകനിർദേശങ്ങളെ വീണ്ടും വീണ്ടും ചർച്ചചെയ്ത് അനുയോജ്യമായി നടപ്പാക്കുകയാണുവേണ്ടത്. എതിർപ്പുകളുണ്ടാവുക സ്വാഭാവികമാണ്. ക്രിയാത്മകമാണെങ്കിൽ അവ പരിഹരിച്ചും അല്ലെങ്കിൽ തള്ളിക്കളഞ്ഞും അവ നടപ്പാക്കാനുള്ള യത്നമാണ് നടത്തേണ്ടത്. ഉന്നത വിദ്യാഭ്യാസരംഗത്ത് അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് പറയുമ്പോഴും ഇക്കാര്യത്തിൽ അക്കാദമിക വിദഗ്‌ധരുടെ ഭാഗത്തുനിന്നുയരുന്ന ആശങ്കകളും കണക്കിലെടുക്കണം. അധ്യാപകരുടെ ഭാഗത്ത് നിന്ന് സ്വയംമെച്ചപ്പെടുത്തലിന്റെയും പ്രൊഫഷണലിസത്തിന്റെയും മുൻകൈയുണ്ടാകേണ്ടതും ആവശ്യമാണ്.
No comments:
Post a Comment